Sunday, January 21, 2024

ഇതിഹാസങ്ങൾ ഘോഷിക്കാത്ത സ്നേഹം പ്രതികാരം, ശാരീരികമായി തളർത്തൽ, ചൂതാട്ടം ,പിടിച്ചു വാങ്ങൽ എന്നിങ്ങനെ മനുഷ്യരിലെ എല്ലാ വികാരങ്ങളും ഇതിഹാസങ്ങൾ നമുക്ക് മേലൊപ്പ് ചാർത്തി തന്നിട്ടുളളവയാണ്. സങ്കുചിതമെന്ന് നാം ചിന്തിക്കുന്ന പുതിയ ലോകത്ത് മാത്രമാണോ ഈ വികാരങ്ങൾ? അല്ല... ആണെങ്കിൽ എന്തിന് പാണ്ഡവർ ചൂതാട്ടത്തിന് നിന്നു? പാഞ്ചാലിയെ എന്തിന് കൗരവരുടെ ഇടയിൽ വലിച്ചെറിഞ്ഞു? എന്തിന് പങ്കുവെച്ചു? ദൈവാവതാരം കൂടെ ഉണ്ടായിട്ടും മഹാപിതാവായ ഭീഷ്മർക്ക് അർജ്ജുനൻ ശരശയ്യ ഒരുക്കാൻ കാരണെന്ത് ? ഉത്തരങ്ങൾ അനുകൂലിച്ചും പ്രതികൂലിച്ചുമാകാം... ഇന്നത്തെ അവസ്ഥയിൽ ഏത് പക്ഷത്തോടാണ് നിങ്ങൾ എന്നതിന് പ്രസക്തിയുമുണ്ട്. വാശി കൊണ്ട് നാം തീർക്കുന്ന പ്രതലങ്ങൾക്ക് മുറിവേറെയുണ്ട് ദുഷ്ടതയുടെ പ്രതീകമായ ദുര്യോധനന്റെ കൂടെ കർണ്ണൻ എന്ന മഹത് വ്യക്തി നിലയുറപ്പിച്ചതെന്തിന്? ഈ പറഞ്ഞ വികാരങ്ങളേക്കാൾ സൗഹൃദത്തിന് മൂല്യം നൽകിയതുകൊണ്ട് പക്ഷെ കൃഷ്ണാർജ്ജുന ബന്ധത്തിന് മാത്രമേ ഇതിഹാസം സ്ഥാനം നൽകിയുള്ളൂ. അവിടെയും പക്ഷഭേദം അരങ്ങേറിയില്ലേ? പിന്നെയെങ്ങനെ ഇന്നത്തെ ലോകം മാറി ചിന്തിക്കും? ഞങ്ങളുടെ രാജ്യം തിരിച്ചു നൽകാൻ തയ്യാറല്ലാതിരുന്നിട്ടും യുദ്ധം ഒഴിവാക്കാൻ യുധിഷ്ഠിരൻ ഒരു വ്യവസ്ഥയ്ക്ക് തയ്യാറായി. അഞ്ചു നഗരങ്ങള് ലഭിക്കാൻ ഇന്ദ്രപ്രസ്ഥം, വൃകപ്രസ്ഥം, വാരണാവതം, ജയന്തം ,അഞ്ചാമത്തെ നഗരം ധൃതരാഷ്ട്രരുടെ തീരുമാനത്തിനും വിട്ടു. ബുദ്ധിമാനായ സത്യസന്ധനായ യുധിഷ്ഠിരൻ പോലും ആ ചോദ്യത്തിൽ വൈരാഗ്യം കാണിച്ചു.പക പോക്കലിന്റെ വൈരാഗ്യം. എന്ത് കൊണ്ട്? മനുഷ്യ ജന്മത്തിന് പരിമിതികളുണ്ട്. ആ പരിമിതികൾക്കപ്പുറം നിങ്ങൾക്ക് ഒരാളെ സ്നേഹിക്കാൻ പറ്റുന്നുണ്ടെങ്കിൽ അതാണ് യഥാർത്ഥ സ്നേഹം ... ഇതിഹാസങ്ങൾ ഘോഷിക്കാത്ത സ്നേഹം..

Wednesday, July 6, 2022

 

ജന്മാന്തരങ്ങളിലേയ്ക്കൊരു വാതില്‍


സ്വപ്നം, എന്നുമെനിക്ക് മരീചികയായിരുന്നു.

 ആള്‍പ്പോര്‍ട്ടിനെയും വിറ്റാകര്‍നെയും കീഴടക്കി സ്വപനത്തെക്കുറിച്ച് ഞാന്‍ എന്റെതായ ഒരു വ്യാഖ്യാനമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.എന്നിട്ടും സ്വപ്നം കാണുക എന്നത് എന്റെ സ്വപ്നമായി അവശേഷിച്ചു കൊണ്ടിരുന്നു. അത് മിക്കപ്പോഴും എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

ബെക്കാഡി റം എന്നും എന്നെ നോക്കി കളിയാക്കും.... ഇന്നെ‍ങ്കിലും ?

കത്തി തീര്‍ന്ന് മരിച്ചു കൊണ്ടിരിക്കുന്ന സിഗരറ്റും കളിയാക്കും …...ഇന്നെ‍ങ്കിലും ?

എന്നാലുമെനിക്ക് സങ്കടമില്ലായിരുന്നു. കാരണം അവരായാരിന്നു എന്റെ കൂട്ടുകാര്‍...ദോഷികള്‍ എന്ന് നിങ്ങള്‍

വിളിക്കുമ്പോഴും എനിക്കവര്‍ നിര്‍ദ്ദോ‍ഷികള്‍ ആയിരുന്നു, കൂട്ടുകാരും..

ബെക്കാഡി റം ചുണ്ട് നനച്ചത് സിഗരേറ്റിന് ഇ‍ഷ്ടായില്ലാന്ന് തോന്നുന്നു. ശ്വാസകോശത്തെ ഒന്ന് വിറപ്പിച്ചാണ് മൂപ്പര്‍ പ്രതികാരം ചെയ്തത്. അവര്‍ തമ്മില്‍ ആരോഗ്യപരമായ മത്സരം മാത്രമാണ്.. ചെറിയ ലഹരിക്കാരനും വലിയ ലഹരിക്കാരനും തമ്മിലുളള ആരോഗ്യപരമായ മത്സരം. ഇന്‍റര്‍നെറ്റില്‍ സ്വപ്നത്തെകുറിച്ചുളള ഗവേഷണ പ്രബന്ധങ്ങളിലൂടെ കടന്നു പോകവെ ഉറക്കം തൂക്കിയെടുത്തോയെന്ന് ഒരു സംശയം... കമ്പ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ചെയ്തത് ഓര്‍മ്മയുണ്ട്. ഒരു പക്ഷെ ബെക്കാഡി ഷൂട്ട് ചെയ്തതാകാം.

കിടക്കയിലേയ്ക്ക് മറ‍ഞ്ഞ എന്നെ സ്വപ്നം നിറങ്ങള്‍ വാരി ചാര്‍ത്തി കര്‍ണ്ണാടകയിലെ പ്രാചീന സുന്ദരമായ നഗരത്തിലൂടെയാണ് കൊണ്ടു പോയത്.

നിറങ്ങളില്ലാത്ത സ്വപ്നം, ജീവന്‍ നഷ്ടപ്പെടുന്ന മനു‍ഷ്യന്റെ അവസാന നിമിഷത്തിനു തുല്യമെന്ന സിദ്ധാന്തം

ആള്‍പ്പോര്‍ട്ടില്‍ നിന്നുമറി‌ഞ്ഞതു കൊണ്ടാകാം നിറങ്ങള്‍ വാരിയെറിഞ്ഞെന്നെ മൂപ്പിലാന്‍ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചത്.കറുപ്പും വെളുപ്പുമുളള പാറകള്‍ക്ക് പല തരം നിറങ്ങള്‍...മരത്തിലെ പച്ചിലകള്‍ക്ക് പകരം പല നിറത്തിലുളള ഇലകള്‍....ഇവ എന്നെ ആശ്ചര്യത്തോടൊപ്പം സന്തോഷവാനുമാക്കി. പാറകള്‍ക്കിടയിലൂടെ ഒഴുകുന്ന ഒരു ചുകന്ന ദ്രാവകം അത് എന്നെ വല്ലാതെ ആകര്‍ഷിച്ചു.കൈകുമ്പിളില്‍ കോരിയെടുത്തപ്പോള്‍ റെഡ് വൈന്‍ ആണെന്ന് തോന്നി.തണുത്ത റെഡ് വൈന്‍...

ഒരു പത്ത് മിനിട്ടു നിറങ്ങളുടെ ലോകത്ത് നടന്നപ്പോഴെക്കും പിന്‍വിളി വന്നു.

"ഹേയ് എന്നെ രുചിക്കാതെ യാത്രയാകുകയാണോ ?”

അതെന്റെ തോന്നലായിരുന്നു. വേണമെങ്കില്‍ സ്വപ്നത്തിലെ തോന്നല്‍ എന്നു പറയാം.അവിടെ നിന്നും പിറകോട്ട് നീങ്ങി നിറമുളള പാറകള്‍ക്കിടയിലൂടെ ഒഴുകുന്ന ചുകന്ന ദ്രാവകം ആവോളം ഞാന്‍ മൊത്തികുടിച്ചു. വീണ്ടും ലഹരിയിലൂടെ..സ്വപ്നത്തിലെ ലഹരിയിലൂടെ...

ഹൃദ്യമായ ഗാനമായിരുന്നു എന്റെ മൊബൈല്‍ റിംഗ്ടോണ്‍.അതൊന്നുറക്കെ പാടി.

മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ …..

ആദ്യത്തെ റിംഗിന് ഫോണ്‍ എടുക്കുന്ന ശീലമില്ലാത്തതിനാല്‍ അത് മുറിഞ്ഞവസാനിച്ചു.

ആ പാട്ടൊന്നു മുഴുവനും കേള്‍ക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷെ രണ്ടാമത്തെ കാള്‍ ആ ശ്രമം അവിടെ അവസാനിപ്പിച്ചു.

അപ്പുറത്ത് എന്റെ സുഹൃത്ത്,മിഥുന്‍.

"നീ എവിടെയാ?”

കര്‍ണ്ണാടകയില്‍.

മറുപുറത്ത് ശബ്ദം ഗാംഭ്യീര്യമായി

"ശ്രുതി യാത്രയായി ...

നീ പെട്ടന്ന് മടങ്ങണം.

താമസിക്കരുത്

അവസാന സമയം വരെ നിന്നെ കാണണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു”

മിഥുന്റെ ആ വാക്കുകള്‍.... അത് എന്റെ ലഹരിയെ ഒറ്റ ശ്വാസത്തില്‍ വലിച്ചു പുറത്തിട്ടു.

പിന്നീട് അവളെ കാണല്‍ മാത്രായിരുന്നു എന്റെ ലക്ഷ്യം.

ഓടാന്‍ ശ്രമിച്ചു ഞാന്‍...ഓടി...പക്ഷെ കാലുകള്‍ ഒന്ന് പിന്നോട്ടും ഒന്ന് മുന്നോട്ടും നീങ്ങിയില്ല.രണ്ടും ഒരേ ദിശയില്‍

പിന്നെ നടക്കാന്‍ ശ്രമിച്ചു

അതും വിഫലമായി ..

പിന്നെ ഇഴയാന്‍ ശ്രമിച്ചു. അത് വിജയിച്ചു.

ഒരു പാമ്പായി... ഒരു പക്ഷെ ലഹരിയില്ലാത്ത ഒരു ഇഴഞ്ഞു നീങ്ങല്‍.....

അപ്പോഴും ആ ചുകന്ന ദ്രാവകം എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു.

ഒന്ന് മൊത്തി പോകാന്‍ വീണ്ടും ആഗ്രഹിച്ചിരുന്നു.

ഒന്ന് തിരിഞ്ഞു നോക്കി യാത്ര പറയാന്‍ തുനി‍‍‍ഞ്ഞ ഞാന്‍ കണ്ടത് എന്റെ കണ്ണുകള്‍ക്ക് തൃപ്തി പകര്‍ന്നില്ല.

പല തരം നിറങ്ങളാല്‍ സുന്ദരിയായ പാറകള്‍ക്ക് കറുപ്പും വെളുപ്പും നിറം മാത്രം...മരത്തിലെ പല നിറത്തിലുളള ഇലകള്‍ക്ക് പകരം കറുപ്പും വെളുപ്പും മാത്രം....

അവസാനം ഞാന്‍ യാത്ര പറയാന്‍ ആഗ്രഹിച്ച പാനീയം കറുപ്പ് നിറത്തില്‍...... എന്നില്‍ വെറുപ്പുളളവനാക്കിയില്ലേ എന്നൊരു സംശയം.

മനുഷ്യര്‍ സാഹചര്യം എന്ന നാലക്ഷരത്തെ ആധാരമാക്കി വിവിധ വേഷത്തില്‍ ജീവിക്കുന്നു എന്ന തോണ്ടെയ്ക്കിന്റെ സിദ്ധാന്തവും ഈ നിറം മാറലും എന്നെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു.എന്റെ ചിന്താമണ്ഡലത്തെ നിര്‍ജ്ജീവമാക്കി ഞാന്‍ യാത്ര തുടരാന്‍ തീരുമാനിച്ചു.ലേശം

വെറുപ്പോട് കൂടിയാണെങ്കിലും ആ പാനീയം നുകര്‍ന്ന് യാത്ര ആരംഭിച്ചു.

ഒരു യാത്രയുടെ താളം എന്നാല്‍ അതിന്റെ കൃത്യമായ ചലനമാണ്. ഥുള്ളിഹളളി എന്ന ഗ്രാമത്തില്‍ എന്നെ എത്തിച്ച ട്രെയിനിന് അതുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ആ താളത്തിന്റെ കൃത്യത നഷ്ടപ്പെട്ടിരിക്കുന്നു. അത് എന്നെ വീണ്ടും അസ്വസ്ഥനാക്കി. ട്രെയിനിനും അതിന്റെ വെളിച്ചത്തിനും നിറം കറുപ്പും വെളുപ്പും മാത്രമായി ചുരുങ്ങി..കുടി വെളളത്തിനു മാത്രം മാറ്റം സംഭവിച്ചില്ല. അതൊര് ആശ്വാസമായി.

പ്ലാറ്റ് ഫോമിലേയ്ക്ക് ട്രെയ്നിനെ സ്വാഗതം ചെയ്യുമ്പോള്‍ സമയം രാത്രി പത്തു മണി.സിഗരറ്റ് പാതി വഴിയില്‍ എറിയാന്‍ തോന്നിയില്ല. വലിച്ചു വലിച്ചു തീ പഞ്ഞി കൂടു തൊട്ടപ്പോള്‍ ആശ്വാസമായി. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒന്ന് ഇരിക്കാന്‍ മത്സരിക്കുന്നവരുടെ കൂടെ ഞാനും കൂടി. പക്ഷെ ആ ശ്രമം വിഫലമായി.

നിറങ്ങള്‍ക്കായി ഞാന്‍ തിരഞ്ഞു കൊണ്ടേയിരുന്നു.എവിടെയും ആരിലും നിറങ്ങള്‍ കണ്ടില്ല.ആകെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ കാണുന്നതു പോലെ. നിന്ന് ഒന്നുറങ്ങാന്‍ ശ്രമം നടത്താന്‍ തീരുമാനിച്ചു.ഒന്ന് തൂങ്ങിയതേ ഉള്ളു ഒരു സ്ത്രീ എന്നോട് കനിവ് കാണിച്ചു.ആ ഒരിടത്തില്‍, കാരുണ്യത്തില്‍ ഒരു നീണ്ട മയക്കം.

മൊബൈല്‍ ഫോണ്‍ ഒന്നെന്നെ തരിപ്പിച്ചു ഉണര്‍ത്താന്‍ ശ്രമിച്ചു.ഉറക്കം ബ്രേക്ക് ഡൗണ്‍ ആയി.എന്നെ

ശല്യപ്പെടുത്തിയവനാരെന്ന് തിരഞ്ഞപ്പോള്‍ മിഥുന്റെ കറുപ്പും വെളുപ്പും നിറഞ്ഞ മോണ കാട്ടിയ ചിത്രം.

തിരിച്ചു വിളിച്ചപ്പോള്‍ മിഥുന്റെ കനത്ത ശബ്ദം

"നീ ഉറങ്ങിപ്പോയി ല്ല്യേ?

സ്റേറഷനില്‍ കാത്തു നില്ക്കാ ഞാന്‍...

അടുത്ത സ്റേറഷനില്‍ ഇറങ്ങൂ.. ഞാന്‍ അങ്ങോട്ട് വരാം"

സത്യത്തില്‍ അപ്പോഴെനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. കെട്ടിറങ്ങിയതോണ്ടാകാം അതിന് ഭാരം കൂടുതലായിരുന്നു. പിന്നീടുളള ഓരോ നിമിഷങ്ങളും വല്ലാതെ ദൈര്‍ഘ്യമുളളതായി.തൊട്ടടുത്ത സ്റേറഷനില്‍ വണ്ടി നിന്നു. പെട്ടന്നു ലഗ്ഗേജ്മെടുത്തിറങ്ങി.ഇശ്രുതിയുടെ വീട്ടില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ.ഇരുണ്ട വെളിച്ചത്തില്‍, വെളള നിറത്തില്‍ 'ചിങ്ങപുരം' എന്നെഴുതിയ ബോര്‍ഡ് എന്നെ കളിയാക്കി.ഒന്ന് ശ്രദ്ധിച്ചിരുന്നേല്‍ നിനക്ക് ഈ സമയത്ത് അവളുടെ അടുത്ത് എത്താമായിരുന്നില്ലെ എന്ന കളിയാക്കല്‍.

മുടി വലിച്ച് പറച്ച് ദേഷ്യം തീര്‍ത്ത് ഞാനൊരു സിഗരേറ്റ് ചുണ്ടില്‍ തിരുകി കയറ്റാന്‍ ശ്രമിക്കവെ മുന്നില്‍ നിന്നും വരുന്ന അര്‍.പി.എഫുകാരന്റെ നോട്ടം എന്നെ അതില്‍ നിന്നും വിലക്കി.പുറത്തിറങ്ങി തീ കൊളുത്തിയപ്പോള്‍ പിന്നില്‍ കോളറില്‍ പിടി വീണു. ഉളളിലെ ധൈര്യം ചോര്‍ന്നു പോയി. മനസ്സ് പ്രകാശ വേഗത്തെക്കാള്‍ സഞ്ചരിച്ച നിമിഷം.അര്‍.പി.എഫുകാരന്റെ മെലിഞ്ഞൊണങ്ങിയ ശരീരത്തിന്റെ നോട്ടം

മുതല്‍ റെയില്‍വെ കോടതി വരെ മനസ്സില്‍ മിന്നിമറിഞ്ഞു.നിസ്സഹായതയുടെ പരകോടിയില്‍ കയറി ഒരു തിരിഞ്ഞു നോട്ടം. മിഥുന്‍ ആയിരുന്നു അത്.

പൊതുവെ ശാന്തതയുടെ പര്യായമായ മിഥുന്‍ നിയന്ത്രണം വിട്ടപ്പോള്‍ എന്നിലെ ധൈര്യം പൂര്‍ണ്ണമായും ചോര്‍ന്നിരുന്നു.എന്റെ ബാഗും വാങ്ങി എന്റെ മുന്നെ നടന്നപ്പോഴും അവന്‍ ഒന്നും പറഞ്ഞില്ല.

ആ ശാന്തത എന്നെ വല്ലാതെ അസ്വസ്ഥനാക്കി.ഇനി ശ്രുതിയുടെ വീട്ടിലേയ്ക്ക് രണ്ടു കിലോമീറ്റര്‍ മാത്രം.

ബുളളറ്റിന്റെ ശബ്ദം മാത്രമായിരുന്നു നിശ്ശബ്ദതയെ കീറിമുറിച്ചുത്.ആ യാത്ര ജീവിതത്തിനും മരണത്തിനുമിടയ്ക്കുളള ഒരു തൂക്ക് പാലമായിരുന്നുവെങ്കില്‍ എന്നാലോചിച്ച നിമിഷം.

ശ്രുതിയുടെ വീടിന്റെ താഴെ ബുളളറ്റ് നിന്നു. ഇരുപത് പടികള്‍ കയറിയാല്‍ വിശാലമായ ഹാളിലെത്തുന്ന രീതിയില്‍ നിര്‍മ്മിച്ച് വീട്.അവളുടെ ഇഷ്ടത്തിന് അവളുടെ അച്ഛന്റെ സമ്മാനം.ആ ഇരുപത് പടികളിലും ഇരുന്ന് അടി കൂടിയതു് ഓര്‍മയായി. ഓരോ പടികളും എന്നെ അസ്വസ്ഥനാക്കി.ഊര്‍ന്ന് ചിരിക്കുന്ന ശ്രുതിയുടെ മുഖം എന്നെ കരയപ്പിച്ചു തുടങ്ങി.

പ്രണയം, അതിനെന്തെങ്കിലും ഗന്ധം ഉണ്ടായിരുന്നേല്‍ അത് മരണത്തിന്റേതാകുമെന്ന് ഉറക്കെ വിളിച്ചു പറയാന്‍ തോന്നിയ നിമിഷം. ഇരുപതാമത്തെ പടയില്‍ നിന്നും മൂടി പുതച്ച ജീവനറ്റ ശരീരം ഞാന്‍ കണ്ടു.

അവളുടെ ചിരി മായാത്ത മുഖവും. ശ്രുതിയുടെ അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. കണ്ണില്‍ ഈറനണിഞ്ഞു;നിറങ്ങള്‍ മഴവില്ല് ചാര്‍ത്തി തുടങ്ങി

പതുക്കെ എന്നില്‍ നിറങ്ങള്‍ പകര്‍ന്നിറങ്ങി .ഒറ്റ തിരിയുളള നിലവിളക്കിന്റെ നാളം അതിന്റെ തീവ്രത കൂട്ടി. ശ്രുതിയുടെ കൈകളില്‍ ചാര്‍ത്തിയ ഒറ്റ റോസാപ്പൂ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അതിലെ നോട്ടം അവസാനിച്ചത് മിഴി തുറന്ന ശ്രുതിയുടെ മുഖത്തേയ്ക്കായിരുന്നു. വശ്യമായ ആ പുഞ്ചിരി എന്നെ അത്ഭുതപ്പെടുത്തി. അവസാനമായി ‍യാത്ര പറഞ്ഞ് എവിടേയ്ക്കെങ്കിലും ഓടി പോകാന്‍ ഞാന്‍ തീരുമാനിച്ചു. കാല്‍ തൊട്ട് വന്ദിച്ച് പുറത്തേറിങ്ങിയ എന്റെ കൈകളില്‍ പിടുത്തം വീണു. ശ്രുതിയുടെ തണുത്ത കൈകള്‍ എന്റെ കരങ്ങളെ വട്ടമിട്ടു പിടിച്ചു. ഞാന്‍ കൂടി വരുന്നു എന്ന് ആ കൈ വിരലുകള്‍ പറയാതെ പറഞ്ഞു.

ഒന്നുമാലോചിക്കാതെ പടികളിറങ്ങി ഞാന്‍ ഓടി.എന്നിലെ നിറങ്ങള്‍ ഓരോന്നായി അവസാനിച്ചു കൊണ്ടിരുന്നു. ഓട്ടത്തിന് ആക്കം കൂടികൊണ്ടേയിരുന്നു.ഹൃദയമിടിപ്പിന്റെ താളം തായമ്പകയുടെ അവസാന നിമിഷം പോലെ കുതിച്ചവസാനിക്കാനായി.സ്വപ്നങ്ങളുടെ പിറകെ പോയ, സ്വപ്നം കാണല്‍ ഒരു സ്വപ്നമായിരുന്ന എനിക്ക് എന്റെ മനസ്സിലെ നിശ്ശബ്ദ പ്രണയത്തോടൊപ്പം ഒരു സ്വപ്നം. അതോടൊപ്പം ഞാന്‍ ഈ ഭൂമിയില്‍ നിന്നും യാത്രയായിട്ടുണ്ടാകാം. ഒരു പക്ഷെ എന്റെ സ്വപ്നവും ,മരണവും , പ്രണയവും എന്നെക്കാള്‍ അറിയുന്നത് നിങ്ങളാകാം.കാരണം നിങ്ങളിപ്പോഴും ജീവിച്ചിരിക്കുന്നു.





















Tuesday, April 27, 2021

മെൽപോമെൻ ( Melpomene, the tragedy mask)

 (short story)

 ഗ്രീസിലെ ഏറ്റവും ആകർഷകമായ ദ്വീപാണ് മൈക്കോനോസ് . വസന്തകാലമായതിനാല്‍ കുന്നിന്‍ പ്രദേശങ്ങള്‍ കാട്ടുപൂക്കളാലും കടല്‍ താമരയാലും മൂടപ്പെട്ടിരിയ്ക്കുന്നു.കടല്‍ക്കര മുഴുവന്‍ വയലറ്റ് ബ്ലൂം നിറഞ്ഞ്  നില്‍ക്കുന്ന കാഴ്ച വര്‍ണ്ണനാതീതം തന്നെ.മൈക്കനോസിന്റെ  തീരങ്ങളും  കുന്നിന്‍ ചെരുവുകളും   ചെറു പക്ഷിക്കൂട്ടങ്ങള്‍ പ്രജനനത്തിന് ആവാസ കേന്ദ്രമാക്കിയിരിക്കുന്നു.അവയുടെ തൂവലുകളുടെ ശോഭ മെെക്കനോസിന്  ചാര്‍ത്തി നല്‍കിയത് മഴവില്ലിന്റെ  ഏഴ് നിറങ്ങളായിരുന്നു. ഇണചേരല്‍ സമയത്ത് ചിറകുകളിലേയ്ക്കെത്തുന്ന ഊര്‍ജ്ജം സൃഷ്ടിക്കുന്ന  അപ്രതീക്ഷിത ശബ്ദവും ഇണചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പക്ഷികള്‍ നടത്തുന്ന കോര്‍ട്ട്ഷിപ്പ് നൃത്തവും മൈക്കനോസിന്റെ  പകലുകളെ രാവുകളാക്കി മാറ്റിയതു പോലെ വിവാര്‍ ഫിലോയേക്ക് തോന്നി. ജനത മുഴുവന്‍ മഹാമാരിയായ കോവി‍ഡിനോട് പൊരുതുമ്പോള്‍ ഈ ലോകം ഞങ്ങളുടേതും ആയിരുന്നെന്ന്   മൈക്കനോസിന്റെ ഹൃദയത്തില്‍ നൃത്തമാടുന്ന പൂക്കളും പക്ഷികളും സ്വാതന്ത്ര്യത്തോടെ പറഞ്ഞു കഴിഞ്ഞു.

   മൈക്കോനോസിന്റെ പഴയ തുറമുഖത്തുനിന്ന് പത്ത് മിനുട്ട് നടന്നാല്‍ പോർട്ടോബെല്ലോ ബോട്ടിക് ഹോട്ടലിലെത്തും.എജിയോസ് സോസ്റ്റിസ് ബീച്ചിൽ കൂടി നടക്കുമ്പോള്‍  മൈക്കോനോസ്  കാറ്റാടിയന്ത്രത്തിന്റെ ചാരുതയാര്‍ന്ന ഇളം നീല നിറം വാനത്തെപ്പോലും ആകര്‍ഷിക്കുന്നത് പോലെ വിവാറിന് തോന്നി.കോവി‍ഡ്  പ്രതിരോധം സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം പ്രവര്‍ത്തനത്തിന്  തയ്യാറായ പോര്‍ട്ടോബെല്ലോ ഇന്ന് അതീവ സുന്ദരിയായിട്ടുണ്ട്.ഈജിയൻ കടലിനു മുകളിലൂടെ മനോഹരമായ കടല്‍ക്കാഴ്ചകൾ നൽകി വിരുന്നുകാരെ സ്വീകരിയ്ക്കാന്‍ ഹോട്ടല്‍ തയ്യാറായി കഴിഞ്ഞു. 

 കോവി‍‍ഡ് പ്രതിരോധത്തിനായി മികച്ച മുന്‍ കരുതലുകളാണ് പോര്‍ട്ടോബെല്ലോ ബോട്ടിക് ക്രമീകരിച്ചിട്ടുളളത്. നേരത്തെ ബുക്കിംഗ് ചെയ്യാത്തവര്‍ക്ക് ഹോട്ടലിലേയ്ക്ക്  പ്രവേശനമില്ല. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ മുന്‍കൂര്‍ തുക ഒടുക്കേണ്ടതുമുണ്ട്. പ്രവേശനകവാടത്തില്‍ ആംഗലേയ ഭാഷയില്‍ വയലറ്റ് നിറത്തില്‍ എഴുതി ഒട്ടിച്ച വരികള്‍ നമ്മളെ ഒന്നിരുത്തി ചിന്തിപ്പിയ്ക്കും.

         "ജീവിതത്തിന്റെ അർത്ഥവും ആത്മീയ പൂർത്തീകരണവും തേടുന്ന ആളുകളെ സഹായിക്കുന്ന   നിറമാണ് വയലറ്റ്.ഭാവി,ഭാവന,സ്വപ്നങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന ഞാന്‍ സുരക്ഷയ്ക്ക് കവചമൊരുക്കുന്നതിനും  നിങ്ങള്‍ക്ക്  കരുത്ത്  നല്‍കും"

 പ്രവേശന കവാടത്തില്‍  സാനിറ്റൈസറും മാസ്കും അതിഥികള്‍ക്ക് നല്‍കുന്നതിന് സെര്‍വിട്ടോറി എന്ന് പ്രത്യേകം പേരെടുത്ത് വിളിക്കുന്ന ഉദ്യോഗസ്ഥരെ ഹോട്ടല്‍ നിയോഗിച്ചിട്ടുണ്ട്. വിവാര്‍ ഫിലോയുടെ ബുക്കിംഗ് ഉറപ്പ് വരുത്തി  പോര്‍ട്ടോബെല്ലോയിലേയ്ക്ക് അയാള്‍ സ്വാഗതം ചെയ്തു. വാതില്‍ തുറക്കുന്നതിന് മുമ്പ്  സെര്‍വിട്ടോറി വിവാറിന് നിര്‍ദ്ദേശം നല്‍കി.

  "സര്‍, പോര്‍ട്ടോബെല്ലോയിലേയ്ക്ക് കയറുന്നതിന് മുമ്പ് നിങ്ങള്‍ ഞങ്ങള്‍ നല്‍കുന്ന മാസ്ക് ധരിക്കേണ്ടതുണ്ട്. ഹോട്ടലിനുളളിലേയ്ക്ക് മറ്റു വസ്തുക്കള്‍ കൊണ്ട് പോകുന്നതിന് അനുവാദമില്ല. അവ സൂക്ഷിക്കുന്നതിന് ക്ലോക്ക് റൂം തയ്യാറാക്കിയിട്ടുണ്ട്. ഉയര്‍ന്ന ശരീരോഷ്മാവ് രേഖപ്പെടുത്തിയാല്‍ താങ്കള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമല്ല. "

  ഹോട്ടലിലേയ്ക്ക് പ്രവേശിയ്ക്കുന്നതിന് മുമ്പ് വിവാര്‍ സെര്‍വിട്ടോറിയോട് പറഞ്ഞു.

  "താങ്കളെ കാണുമ്പോള്‍  ഗ്രീസിനെ കീഴടക്കാൻ ശ്രമിച്ച പേർഷ്യൻ രാജാവ് സെർക്സസിനെയാണ് ഓര്‍മ്മ വരുന്നത്. ചരിത്രം താങ്കള്‍ക്കറിയുമെങ്കില്‍ കൂടുതല്‍ ഞാന്‍ പറയേണ്ടതില്ലല്ലോ? "

 നിശ്ശബ്ദനായി,പുഞ്ചിരിയോടെ  സെര്‍വിട്ടോറി വിവാറിനെ അനുഗമിച്ചു. വിവാറിന് വേണ്ടി മാറ്റി വെച്ച പതിനൊന്നാം നമ്പര്‍ മേശയ്ക്കരികിലെ മറ്റു കസേരകള്‍ നീക്കം ചെയ്യുന്നതിന് സെര്‍വിട്ടോറി ഹോട്ടല്‍ പരിചാരികയ്ക്ക്  നിര്‍ദ്ദേശം നല്‍കി .പതിനൊന്നാം നമ്പറിനെ ചൂണ്ടിക്കാണിച്ച് സെര്‍വിട്ടോറി വാചാലനായി.

  " പത്താം നമ്പറിന്റെ പിന്‍ഗാമിയാണ് പതിനൊന്ന്. സ്വതന്ത്ര ഇരട്ട നമ്പറിലെ ആദ്യ സംഖ്യയും. ‍ഞാന്‍ ഉദ്ദേശിച്ചത് ഇവിടെ നിന്ന് പോകുമ്പോള്‍ താങ്കള്‍ക്ക് മനസ്സിലാകും. "

 സംസാരത്തിന് കൂടുതല്‍ ഇടം നല്‍കാതെ രണ്ട് പേരും  സൗഹ‍ൃദപരമായിസലാം പറഞ്ഞ്  പിരിഞ്ഞു.

പതിനൊന്നാം മേശയില്‍ ഡ്യൂട്ടിയ്ക്ക് നിയോഗിതനായ ഹോട്ടല്‍ ബെയറര്‍ എസിയോ സുഗന്ധ പാനീയം സികോഡിയയുമായി പ്രവേശിച്ചു.  സികോഡിയ നുകരാന്‍ വിവാര്‍ മാസ്ക് ഊരി വെച്ചു. ‍

 തനിയ്ക്ക് നല്‍കിയ മാസ്കിലെ ചിത്രം വിവാറിനെ അത്ഭുതപ്പെടുത്തി.ഗ്രീക്ക് ഈജിയൻ ദ്വീപായ സാന്റോറിനിയുടെ വടക്കുപടിഞ്ഞാറൻ  അറ്റത്തെ  തീരദേശ നഗരമായ ഓയയുടെ ചിത്രം.സാന്റോറിനിയാകട്ടെ ഐതിഹാസിക ഭൂഖണ്ഡമായ അറ്റ്ലാന്റിസുമായി   ബന്ധപ്പെട്ടു കിടക്കുന്ന നഗരവും. സമുദ്രത്തില്‍ മുങ്ങിയമര്‍ന്നു എന്ന് വിശ്വസിക്കുന്ന അറ്റ്ലാന്റിസിന്റെ അവശേഷിപ്പു നഗരമായ സാന്റോറിനിയിലെ ഓയയെ നോക്കി വിവാര്‍ നെടുവീര്‍പ്പിട്ടു. 

 ആംഫോറ വെളളക്കുപ്പിയില്‍ നിന്നും വിവാറിന്റെ തൊണ്ടയിലേയ്ക്ക് പകര്‍ന്ന വെളളതുളളികള്‍ക്ക് നിയോലിത്തിക്ക് കാലഘട്ടം മുതലുളള കഥ പറയാനുണ്ടെന്ന് അയാള്‍ക്കറിയാമായിരുന്നു. പക്ഷെ, ഇന്നിന്റെ മൂല്യത്തെ അളക്കാന്‍ നാളെയ്ക്ക് പറ്റിയാല്‍ ജീവിതത്തില്‍ അര്‍ത്ഥശൂന്യത സൃഷ്ടിക്കുമെന്ന് വിവാര്‍ ഭയക്കുന്നുമുണ്ട്.ദീര്‍ഘശ്വാസത്തിന്റെ ഒലികള്‍ കൊണ്ട് തൊട്ടുമുന്നിലെ ബിയേഴ്സ് ബീച്ച് പുഷ്പത്തിന്റെ ഇതളുകള്‍ക്ക്  ഗതികോര്‍ജ്ജം ലഭിച്ചത്  വിവാറിന്റെ ശ്രദ്ധയില്‍പ്പെട്ടു. താഴെ വീണ ഇതളുകള്‍ പെറുക്കിയെടുക്കുമ്പോള്‍  പന്ത്രണ്ടാം നമ്പര്‍ മേശയിലെ അതിഥി അലെസ്സീയയുടെ കണ്ണുകള്‍ വിവാറിലുടക്കി. പ്രശസ്ത നടനും രാഷ്ട്രീയക്കാരനുമായ അലക്സിസ് ജോര്‍ജോലിസിന്റെ യൗവ്വനകാലഘട്ടം അയാളില്‍ അവള്‍  ദര്‍ശിച്ചു.

 ആറടി പോക്കവും നീളന്‍മുടിയും നീലക്കണ്ണുമുളള വിവാറിന്റെ സാമീപ്യം അലെസ്സീയുടെ മനസ്സിന്റെ താളത്തെ മറ്റൊരു ഗതിയിലേയ്ക്ക് നയിച്ചു.ആദ്യ കാഴ്ചയില്‍ തന്നെ വിവാര്‍ അലെസ്സിയയെ കീഴടക്കി. മുന്നിലെ ബിയേഴ്സ് ബീച്ച് പുഷ്പത്തിന്റെ സൗന്ദര്യമാസ്വദിച്ച് സമയം ചെലവഴിച്ച അയാളുടെ കണ്ണില്‍ അലെസ്സീയ പതിയാന്‍ സമയമെടുത്തിരുന്നു. പക്ഷെ വിവാറിന്റെ നയനങ്ങള്‍ക്ക് ഏറെ നേരം ഒളിച്ചു കളിക്കാന്‍ കഴിഞ്ഞില്ല. ചുരുണ്ട് ,ഇരുണ്ട് തവിട്ട് നിറമുളള മുടിയും കറുത്ത കണ്ണുകളും ഗ്രീക്ക് വനിതകളില്‍ നിന്നുമവളെ വ്യത്യസ്തയാക്കിയിരുന്നു. 

 . സാമൂഹിക അകലത്തിന്റെ ഒന്നാമത്തെ രംഗം അവിടെ അരങ്ങേറി. തീന്‍ മേശകള്‍ക്ക് മുന്നിലെ അകലം മനസ്സുകള്‍ക്ക് തടസ്സമായ നിമിഷം. ആശയവിനിമയത്തിന്  ഹോട്ടല്‍ നിയമങ്ങള്‍ പ്രതികൂലമായപ്പോള്‍ തീന്‍മേശയില്‍ സൂക്ഷിച്ചിരുന്ന പേപ്പര്‍ പ്ലേസ്മേറ്റ്സ് വഴി അലെസ്സിയ തന്റെ ഇംഗിതം  വിവാറിനെ  അറിയിച്ചു.സന്ദേശവാഹകനായത് ബെയറര്‍ എസിയോയും

   "  താങ്കളുടെ സാന്നിധ്യം എന്റെ മനസ്സിന് വല്ലാത്തൊരനുഭൂതി നല്‍കുന്നു. തികച്ചും, ആദ്യ കാഴ്ചയിലെ പ്രണയമെന്ന് എനിക്ക് തോന്നുന്നു. നാളെ എന്നോ‍ടൊത്ത് ‍ഡിന്നറിന് ഞാന്‍ ക്ഷണിയ്ക്കുന്നു. " 

 മറുപടി നല്‍കാന്‍ വിവാറിന് രണ്ട് വട്ടം ആലോചിക്കേണ്ടി വന്നില്ല. നിമിഷ നേരം കൊണ്ട്  അയാളിലും അവളുടെ സാന്നിധ്യം പിരിമുറക്കം സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. അയാളുടെ മനസ്സില്‍ സാന്റോനിയയുടെ ഓയയുടെ തീരത്തിന്റെ ചിത്രം അതിവേഗം ഓടിമറഞ്ഞു. ബെയററെ വിളിച്ചയാള്‍ ഒരു പുതിയ മാസ്ക് ആവശ്യപ്പെട്ടു. ഗ്ലൗസ് ധരിച്ച്  വിവാര്‍ മറുപടി എഴുതി.

 " ഈ മാസ്ക് നല്‍കുന്ന സംരക്ഷണം പോലെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഞാന്‍ സംരക്ഷണം നല്‍കും. ഒരു കാര്യം കൂടി, മാസ്കിനെപ്പോലെ മറ്റൊരാള്‍ തുറക്കാത്ത ഹ‍ൃദയവും എനിക്കുണ്ടെന്ന് അറിയിക്കട്ടെ. നാളത്തെ ഡിന്നറിനുളള താങ്കളുടെ ക്ഷണം ഞാന്‍ സ്വീകരിച്ചിരിയ്കുന്നു. തൊട്ടടുത്ത ദിനം എന്റെ ക്ഷണവും സ്വീകരിയ്ക്കുമല്ലോ." 

 സന്തോഷപൂര്‍വ്വം ബെയറര്‍ വീണ്ടും സന്ദേശവാഹകനായി. 

 അലെസ്സിയ വിവാറിനോട് യാത്ര പറഞ്ഞു; അകലം പാലിച്ച്.  വിശദമായ പരിചയപ്പെടലിന് നാളെ സമയമുണ്ടല്ലോ എന്ന ആത്മവിശ്വാസവും പ്രതീക്ഷയും രണ്ട് പേരിലും ആവോളം നിറഞ്ഞിരുന്നു. ഡിന്നറിന് ശേഷം വിവാര്‍  മടങ്ങുമ്പോള്‍ സെര്‍വിട്ടോറി മറ്റൊരു മാസ്ക് അയാള്‍ക്ക് നല്‍കി. മാസ്കിനുളളില്‍ തിരുകി ചേര്‍ത്ത കടലാസില്‍ അലെസ്സിയയുടെ വാക്കുകള്‍ നൃത്തം ചെയ്തിരുന്നു.

  " തുറന്ന ടെറസ്സിലെ മൂന്നാം നമ്പര്‍ ട്രപ്പേസി ഞാന്‍  ബുക്ക് ചെയ്തിട്ടുണ്ട്. അലെസ്സിയയുടെ കാത്തിരിപ്പിന്  ദൈര്‍ഘ്യം കുറയാന്‍ പ്രാര്‍ത്ഥിക്കുമല്ലോ. " 

 മാസ്കിലെ ചിത്രത്തില്‍ ഓയ തീരത്തോടൊപ്പം നേവല്‍ മാരിടൈം മ്യൂസിയത്തില്‍ സൂക്ഷിച്ച പഴയ കപ്പലുകളുടെ മോഡലുകള്‍ കൂടിയുണ്ടായിരുന്നു.സഫലതയുടെ അടയാളമായ കപ്പലിന്റെ ചിത്രം അയാള്‍ക്ക് അമിതാത്മ വിശ്വാസം നല്‍കി.പോര്‍ട്ടോബെല്ലോ ബോട്ടിക്കിനോട് അന്നേയ്ക് അയാള്‍ യാത്ര പറഞ്ഞു.

 വീട്ടിലെത്തിയ വിവാറിന് സാധാരണയേക്കാള്‍ ക്ഷീണം തോന്നി.അലെസ്സിയയുടെ അസാന്നിധ്യം തീര്‍ത്ത മന്ദതയാകാം കാരണമെന്നയാള്‍ കരുതി.ഉറങ്ങാൻ പോകുമ്പോഴേക്കും അയാള്‍  തളർന്നു തു‍ടങ്ങിയിരുന്നു.കാലുകളിൽ വേദന വന്ന്  തുടങ്ങി.ശരീരത്തിന് തീപിടിച്ചതായി അയാള്‍ക്ക് തോന്നി. തല പിളരുന്ന വേദനയില്‍ വിവാര്‍ കരഞ്ഞു .തണുപ്പും വിറയലും അസഹ്യമായപ്പോള്‍ അയാള്‍  എൻ‌എച്ച്എസ് നോൺ എമർജൻസി ഹെൽപ്പ് ലൈൻ നമ്പറില്‍ വീളിച്ചു. എന്‍ എച്ച് എസ്  ടീം  വിവാറിന്  മേൽ ഒരു ഓക്സിജൻ മാസ്ക്കിട്ട്   വാഹനത്തില്‍ കയറ്റി കൊണ്ടുപോയി.

 മൈക്കനോസ്  ഹെല്‍ത്ത് ക്ലിനിക്കിലെ കോവിഡ് കെയര്‍ സെന്റര്‍.റിസള്‍ട്ട് പോസിറ്റീവ് ആയതോട് കൂടി വിവാര്‍ ശാരീരികമായും തളര്‍ന്നു. അലെസ്സിയയുടെ ചിരിയ്ക്കന്ന മുഖം അയാളെ വല്ലാതെ സങ്കടത്തിലുമാക്കി. കെയര്‍ സെന്ററിലെ നഴ്സ് റിസള്‍ട്ട് വിവാറിനെ ബോധ്യപ്പെടുത്തി.

 " നിങ്ങളുടെ എക്സറേ റിസള്‍ട്ട് ലഭിച്ചിരിയ്ക്കുന്നു. താങ്കള്‍ക്ക്  ന്യുമോണിയയും ബാധിച്ചിട്ടുണ്ട്. വളരെയധികം സൂക്ഷിക്കേണ്ട സമയമാണ്.ഓക്സിജന്‍ അളവ് പതിവിലും കുറവായി രേഖപ്പെടുത്തിയിട്ടുണ്ട്. മരുന്നിനോടൊപ്പം പ്രാര്‍ത്ഥനയും ഉണ്ടാകേണ്ട സമയമാണിത്. ദൈവം കൈവിടില്ല." 

 വിവാറില്‍ അവശേഷിച്ച ധൈര്യം  ചോര്‍ത്താന്‍ ഈ വാക്കുകള്‍  ധാരാളമായിരുന്നു.

 നെഞ്ചില്‍ ശക്തമായ വേദന അയാള്‍ക്ക്  അനുഭവപ്പെട്ടു. വേറെ നിവൃത്തിയില്ലാത്തതുകൊണ്ട്  നഴ്സ് മോര്‍ഫിന്‍ കുത്തിവെച്ച് അയാള്‍ക്ക് താല്‍ക്കാലികാശ്വാസം നല്‍കി. വിവാര്‍ മയക്കത്തിലമര്‍ന്നു.

 പോർട്ടോബെല്ലോ ബോട്ടിക് ഹോട്ടലിലെ  മൂന്നാം നമ്പര്‍ ട്രപ്പേസി.അലേസ്സിയയുടെ  വിടര്‍ന്ന കണ്ണിന് പ്രണയവും പ്രതീക്ഷയും തിളക്കം നല്‍കി.നിമിഷം കഴിയും തോറും തിളക്കം കുറഞ്ഞു വന്നു. വിവാര്‍ ഫിലോ വന്നില്ല. ഭക്ഷണം കഴിക്കാന്‍ നില്ക്കാതെ അലെസ്സിയ മടങ്ങി. തനിയ്ക്ക് ആദ്യ സന്ദേശം നല്‍കിയ മാസ്കില്‍ അവള്‍ മറ്റൊരു സന്ദേശം എഴുതി ട്രപ്പേസിയുടെ വശത്തെ സ്റ്റാന്‍ഡില്‍ തൂക്കിയിട്ടു.

 " താങ്കള്‍ക്കെന്നെ പറ്റിയ്ക്കാന്‍ കഴിയുമെന്ന്  തോന്നുന്നില്ല.നിങ്ങളെ ഞാന്‍ കാത്തിരിയ്ക്കും." 

 രണ്ടാമത്തെ ദിവസത്തേയ്ക്കും മൂന്നാം നമ്പര്‍ ട്രപ്പേസി ബുക്ക് ചെയ്ത് അലേസ്സിയ പുറത്തിറങ്ങി.

 കോവിഡ് കെയര്‍ സെന്ററിലെമൂന്നാം നമ്പര്‍ മുറിയില്‍  ഒരിറ്റ് ശ്വാസത്തിന് വേണ്ടി വിവാര്‍ പൊരുതി തുടങ്ങി. ഇന്നലകള്‍ സമ്പന്നമാക്കിയ നല്ല നിമിഷങ്ങളെ  അയാള്‍ക്ക് പരിചയമില്ലാതെയായി.ജീവന് വേണ്ടി പൊരുതുന്ന ഓരോ നിമിഷത്തിലും അലെസ്സിയയുടെ മുഖം അയാള്‍ക്ക് കൂട്ടായി. ബോധരഹിതനാണെങ്കിലും അയാള്‍ പിറുപിറുത്ത് കൊണ്ടിരുന്നു.

 " ഈ ഭൂമിയില്‍  എനിക്ക് തുടരേണ്ടതുണ്ട്. അവള്‍ക്ക് വേണ്ടിയെങ്കിലും.....  " 

 പോർട്ടോബെല്ലോ ബോട്ടിക് ഹോട്ടലില്‍ രണ്ടാം ദിവസവും  മൂന്നാം നമ്പര്‍ ട്രപ്പേസിയ്ക്കരികെ അലേസ്സിയ വിവാറിനെയും പ്രതീക്ഷിച്ചിരുന്നു.. കാത്തിരിപ്പിന് വിരാമമിട്ട്, ഭക്ഷണം കഴിക്കാതെ കുറിപ്പെഴുതി മാസ്കില്‍ സൂക്ഷിച്ചവള്‍ മടങ്ങി. മടങ്ങുന്നതിന് മുമ്പ്  മൂന്നാം നമ്പര്‍ ട്രപ്പേസി  മൂന്നാമത്തെ  ദിവസത്തേയ്ക്കും അവള്‍ ബുക്ക് ചെയ്തിരുന്നു. കാത്തിരിപ്പിന്റെ ദൈര്‍ഘ്യം ഒരാഴ്ചയായി.എന്നിട്ടും അലേസ്സിയ പിന്മാറാന്‍ തയ്യാറായില്ല. ഏഴാമത്തെ ദിവസം പോര്‍ട്ടോബെല്ലോയില്‍ നിന്നിറങ്ങുമ്പോള്‍ തുടര്‍ന്നുളള മൂന്ന് ആഴ്ചയ്ക്ക് കൂടി ട്രപ്പേസി  അവള്‍ റിസര്‍വ്വ് ചെയ്തു.അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സെര്‍വിട്ടോറി അലെസ്സിയോട് ചോദിച്ചു.

 " മാ‍ഡം, അയാള്‍  വരുമെന്ന് ഇനിയും താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടോ? " 

  " പ്രതീക്ഷയുണ്ട്. കാത്തിരിപ്പിന്റെ വേദന അയാളുമറിയാതിരിയ്ക്കില്ല." 

 എട്ടാം ദിനം അലേസ്സിയ വന്നില്ല. പിന്നീടുളള ദിവസങ്ങളില്‍ മൂന്നാം നമ്പര്‍ ട്രപ്പേസി അലേസ്സിയയ്ക്കും വിവാറിനും വേണ്ടി ഒഴിഞ്ഞു കിടന്നു. ഏഴ് വ്യത്യസ്ത നിറങ്ങളുളള കോവി‍‍ഡ് പ്രതിരോധ മാസ്കിനുളളില്‍ വിവാറിനുളള സന്ദേശം കണ്ണു തുറക്കാതെ കിടന്നു. നിയമപ്രകാരം  പോർട്ടോബെല്ലോ ബോട്ടിക് ഹോട്ടല്‍ അധികൃതര്‍ അവര്‍ക്ക് വേണ്ടി ട്രപ്പേസി എല്ലാ ദിവസവും അലങ്കരിച്ച് സൂക്ഷിച്ചു.

 ഇരുപത്തിയെട്ടാം  ദിനം; അലെസ്സിയയുടെ ബുക്കിംഗ് അവസാനിക്കുന്ന ദിനം. വിവാര്‍ ഹോട്ടലിലെത്തി. താന്‍ റിസ്സര്‍വ്വ് ചെയ്ത  ഇരുപത്തിയെട്ടാം നമ്പര്‍ ഇന്‍‍ഡോര്‍  ട്രപ്പേസിയയില്‍ അയാള്‍ ഇരുന്നു. കണ്ണുകള്‍ നാലുപാടും ആരെയോ തിരഞ്ഞു കൊണ്ടിരുന്നു. ഇരുപത്തിയൊമ്പത് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സേവിച്ച അതേ ബെയറര്‍ മേശയ്ക്ക് മുന്നില്‍ ഹാജരായി. ഒപ്പം സെര്‍വിട്ടോറിയും.തനിയ്ക്ക് വേണ്ടി അലെസ്സിയ റിസ്സര്‍വ്വ് ചെയ്ത , തുറന്ന ടെറസ്സിലെ മൂന്നാം നമ്പര്‍ ട്രപ്പേസിയിലേയ്ക്ക് വിവാറിനെ അവര്‍ സ്വാഗതം ചെയ്തു. അലെസ്സിയയുടെ കാത്തിരിപ്പിനെക്കുറിച്ച്  സെര്‍വിട്ടോറി  വാചാലനായി. തനിയ്ക്ക് സന്ദേശമെഴുതിയ ഓരോ മാസ്കും അയാള്‍ തുറന്ന് നോക്കി. പ്രണയാതുരമായ വരികള്‍ വിവാറിനെ കണ്ണീരണിയിച്ചു. ഏഴാമത്തെ മാസ്കിലെ സന്ദേശം വായിച്ചയാള്‍ പൊട്ടിക്കരഞ്ഞു.

 "ഗ്രീക്ക് നാടകവേദിയിലെ  മാസ്കുകൾ നമുക്ക് കഥാപാത്രങ്ങളെക്കുറിച്ചൊരു  മുന്നറിയിപ്പ് തരാറുണ്ട്. ഏഴാമത്തെ ഈ മാസ്ക് കാണുമ്പോള്‍  ട്രാജ‍‍ഡി മാസ്കായ മെല്‍പോമെനെ ഓര്‍മ്മ വരുന്നു. ദു:ഖത്തിന്റെ പ്രതീകമായി ഓയയും മാറിയിരിയ്ക്കുന്നു സുഹൃത്തെ.......''

 മുഖത്ത്  വെയ്ക്കേണ്ട മാസ്കിനെ കണ്ണോട് ചേര്‍ത്ത് നിശ്ശബ്‍ദമായി  വിവാര്‍ തേങ്ങി.തനിയ്ക്ക് സംഭവിച്ചതിനെക്കുറിച്ച്  സെര്‍വിട്ടോറിയോട്  പറയുന്നതിന് മുമ്പെ അയാള്‍ പറ‍ഞ്ഞു തുടങ്ങിയിരുന്നു.

 " താങ്കളുടെ ദു:ഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു. കോവി‍‍ഡ് എന്ന മാരിയില്‍ നിന്നും താങ്കള്‍ക്ക് മോചനം കിട്ടിയപ്പോള്‍ താങ്കളെ സ്നേഹിച്ച അലെസ്സിയയോട് ദൈവം കരുണ കാണിച്ചില്ല. ഇന്നലെ വൈകുന്നേരം ദൈവത്തിങ്കല്‍ അലിഞ്ഞു ചേര്‍ന്നെന്ന് അലെസ്സിയയുടെ സുഹൃത്ത് ഞങ്ങളെ അറിയിച്ചിരുന്നു." 

 ഏഴാമത്തെ മാസ്ക് അയാള്‍ ശരിയായ വിധത്തില്‍ ധരിച്ചു. അവശേഷിക്കുന്ന മാസ്കുകള്‍ കോര്‍ത്തും ചേര്‍ത്തും  പിണഞ്ഞും അയാള്‍ സ്വന്തം മുഖത്തെ മറച്ചു.വിവാറിന്റെ മുഖത്ത് മെല്‍പോമെന്‍ മാസ്കിന്റെ ഭാവങ്ങള്‍ മിന്നിമറഞ്ഞു.  ഒന്നും പറയാതെ വിവാര്‍ നടന്നു നീങ്ങുമ്പോള്‍ സെര്‍വിട്ടോറിയുടെ മനസ്സില്‍ താഴേയ്ക്ക്  പതിയ്ക്കുന്ന ഇക്കാറസിന്റെ രൂപം നിറഞ്ഞാടി.


 സന്തോഷ് ആവത്താന്‍